2012 - 2013 ലെ റയില്‍വേ ബജറ്റില്‍ കേരളത്തിനു കിട്ടിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ആലപ്പുഴയിലെ റെയില്‍വേ വാഗണ്‍ ഫാക്ടറി. പക്ഷേ ഇതും ഒരു ട്രാജഡിയായി മാറുകയായിരുന്നു. 96 ലക്ഷം രൂപ മാത്രം നീക്കി വച്ചിരുന്ന പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. ആലപ്പുഴ തീരദേശപാതയുടെ ഇരട്ടിപ്പാണ് മറ്റൊന്ന്
ആട്ടോകാസ്റ്റുമായി ചേര്‍ന്നു സംയുക്ത സംരഭമായി തുടങ്ങാനുദ്ദേശിച്ച ബോഗി നിര്‍മാണ യൂണിറ്റില്‍നിന്നു റെയില്‍വേ പിന്മാറിയതു കഴിഞ്ഞവര്‍ഷമാണ്. 2010ലെ ബജറ്റില്‍ 86 കോടി രൂപ അനുവദിച്ചു. എന്നാല്‍, കോട്ടിഘോഷിച്ച ഈ പദ്ധതി റെയില്‍വേയുടെ നിസ്സഹകരണം മൂലം ഇല്ലാതായി മാറുകയായിരുന്നു.
2010-11 ല്‍ ഒപിഡി ഡയഗ്നോസ്റ്റിക് കേന്ദ്രം കൂടി പ്രഖ്യാപിച്ചു. നേമം കോച്ച് യാര്‍ഡിന്റെയും സ്ഥിതിയും ഇതു തന്നെ. രണ്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി. 1997-98 കാലത്ത് പ്രഖ്യാപിച്ച സ്വപ്നപദ്ധതിയായ അങ്കമാലി-ശബരി പാതയും എങ്ങുമെത്തിയില്ല.
അതുപോലെ തിരുവനന്തപുരം സ്റ്റേഷനെ ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.