യു ഡി എഫില്‍ പോകില്ലെന്ന് ജോസ് തെറ്റയില്‍

Webdunia
ഞായര്‍, 26 ഏപ്രില്‍ 2009 (10:44 IST)
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലി സീറ്റിന്‍റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ താന്‍ യു ഡി എഫിലേക്ക് പോകുമെന്ന വാര്‍ത്ത തെറ്റാണെന്ന് ജനതാദള്‍ എം എല്‍ എ ജോസ് തെറ്റയില്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്കമാലി സീറ്റു ലഭിച്ചാല്‍ താന്‍ യു ഡി എഫിലേക്ക് വരുമെന്നത് എതിരാളികളുടെ ദുഷ്പ്രചാ‍രണമാണ്. കോഴിക്കോട് ചേര്‍ന്ന ജനതാദളിന്‍റെ യോഗത്തില്‍ ഇടതുമുന്നണി വിടരുതെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ല.

രാഷ്ട്രീയ നിലപാടില്‍ എതിര്‍പ്പുള്ളവര്‍ തന്‍റെ വിശ്വാസ്യത കളങ്കപ്പെടുത്താനാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌. എല്‍ ഡി എഫിനൊപ്പം നിന്നു നേടിയ ജനവിധിക്കെതിരെ മറിച്ചൊരു നിലപാട്‌ സ്വീകരിക്കുന്നത്‌ ജനാധിപത്യ വിരുദ്ധമാണന്ന അഭിപ്രായമാണ്‌ തനിക്കുള്ളതെന്നും തെറ്റയില്‍ പറഞ്ഞു.