യു‌ഡി‌എഫ് വന്നാല്‍ പെണ്‍‌വാണിഭം: കോടിയേരി

Webdunia
ശനി, 26 ഫെബ്രുവരി 2011 (15:55 IST)
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ല എന്ന് തിരിച്ചറിഞ്ഞതിന്റെ മനോവിഭ്രാന്തിയില്‍ പിച്ചും പേയും പറയുകയാണ് യുഡിഎഫ്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്തും തൊടുപുഴയിലും പുതിയ ജയിലുകള്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നുണ്ടെന്നും അത്‌ പലര്‍ക്കും സൗകര്യപ്രദമാകുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ തമ്മില്‍ തല്ലും അഴിമതിയും പെണ്‍വാണിഭവുമായിരിക്കും നടക്കുകയെന്നും കോടിയേരി വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ എല്‍ ഡി എഫ്‌ ഒറ്റക്കെട്ടായി നേരിടുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള യു ഡി എഫിന്റെ പൂഴിക്കടകനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതിരഹിത പ്രതിച്‌ഛായയിലൂടെ ഉയര്‍ന്നുവന്ന വി എസിനെതിരായ നീക്കം മുന്നണി ഒറ്റക്കെട്ടായി നേരിടും. വി എസിനെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ചില്ലെന്ന്‌ യു ഡി എഫ്‌ വ്യക്തമാക്കണം. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ യു ഡി എഫ്‌ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

എല്‍ ഡി എഫിന്റെ വികസന മുന്നേറ്റയാത്രയ്ക്ക്‌ തിരുവല്ലയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനി ഇടതുപക്ഷസഹയാത്രികനായി വേദിയിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ കട്ടിയുള്ള വിഷയങ്ങള്‍ക്ക് ഒപ്പം സദസ്യര്‍ക്ക് മുന്നില്‍ ചിരിയുടെ മാലപ്പടക്കം കൂടി പൊട്ടിച്ചു.