മൂവാറ്റുപുഴയില്‍ മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2013 (11:06 IST)
PRO
PRO
മൂവാറ്റുപുഴയില്‍ മാവോയിസ്റ്റ് നേതാവ് പൊലീസ്‌ പിടിയിലായി. മാവേലിക്കര മാവോയിസ്റ്റ്‌ ഗൂഢാലോചനക്കേസില്‍ ഒന്നാംപ്രതിയായ അജയന്‍ മണ്ണൂരാണ് പിടിയിലായത്. കേരളത്തിലുടനീളം മാവോയിസ്റ്റ്‌ ലഘുലേഖകള്‍ വിതരണം ചെയ്‌തത്‌ ഇയാളാണെന്ന്‌ പൊലീസ്‌ പറഞ്ഞു. റെവല്യുഷനറി ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ്‌ അജയന്‍. ആന്ധ്രയിലും തമിഴ്‌നാട്ടിലും നിരോധനമുള്ള സംഘടനയാണിത്‌

ഞായറാഴ്ച എറണാകുളം പ്രസ്‌ ക്ലബിലും ഇയാള്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. പ്രസ്‌ ക്ലബില്‍ മാധ്യമങ്ങളിലേക്ക്‌ വാര്‍ത്തകള്‍ നല്‍കാനുള്ള ബോക്സിലാണ്‌ ലഘുലേഖകള്‍ നിക്ഷേപിച്ചിരുന്നത്‌. സിപിഐ മാവോയിസ്റ്റ്‌ വക്താവ്‌ ജോഗിയുടെ പേരിലാണ്‌ ലഘുലേഖ.

സിപിഐ മാവോയിസ്റ്റ്‌ പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി വിപ്ലവ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നാണ്‌ ലഘുലേഖയില്‍ പറയുന്നത്‌. മണ്ണിന്റെയും വനത്തിന്റെയും പ്രകൃതിയുടെയും മറ്റു വിഭവങ്ങളുടെയും അധികാരം നേടിയെടുക്കാനാണ്‌ സായുധ പോരാട്ടമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്‌.