മുല്ലപ്പെരിയാര്‍: ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ്(എം) പിന്തുണ

Webdunia
തിങ്കള്‍, 16 ജനുവരി 2012 (11:39 IST)
PRO
PRO
മുല്ലപ്പെരിയാര്‍ സമരസമിതി ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് കേരള കോണ്‍ഗ്രസ്(എം)ന്റെ ധാര്‍മ്മിക പിന്തുണ. പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലപ്രദമല്ലെന്നാരോപിച്ചാണ് കേരളാ കോണ്‍ഗ്രസ് എം ഹര്‍ത്താലിന് ധാര്‍മ്മിക പിന്തുണ നല്‍കുന്നത്.

ജോസ് കെ മാണി എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഏത് സമരത്തിനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളകോണ്‍ഗ്രസ് നേരത്തെ സമരം നടത്തിയിരുന്നെങ്കിലും, പ്രശ്നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സമരം തല്‍ക്കാലം നിര്‍ത്തുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് സമരം ശക്തമാക്കാനാണ് കേരളകോണ്‍ഗ്രസിന്റെ നീക്കം.