മുരളീധരന്‍ ഇന്ന് സോണിയഗാന്ധിയെ കാണും

Webdunia
വെള്ളി, 25 ഫെബ്രുവരി 2011 (10:00 IST)
PRO
ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കെ മുരളീധരന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്തരയ്ക്കായിരിക്കും ചര്‍ച്ച. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിനു ശേഷം മുരളീധരനുമായി സോണിയ ഗാന്ധി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്.

കോണ്‍ഗ്രസില്‍ തനിക്ക് മൂന്നു രൂപ മെമ്പര്‍ഷിപ്പ് മാത്രം മതിയെന്നും മറ്റൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടി പാര്‍ട്ടി ആവശ്യപ്പെടുന്നത് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ മുരളിക്ക് പുതിയ എന്തെങ്കിലും പദവികള്‍ വാഗ്ദാനം ചെയ്യാനുള്ള സാധ്യതയും ഉണ്ട്.

പാര്‍ട്ടി ഹൈക്കമാന്‍ഡ് സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെയാണ് ഫെബ്രുവരി പതിനഞ്ചാം തീയതി മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്.

കെ പി സി സിയുടെ ആവശ്യപ്രകാരമായിരുന്നു മുരളീധരന്റെ സസ്പന്‍ഷന്‍ നേരത്തെതന്നെ പിന്‍വലിച്ചത്. കൂടാതെ, നിലവില്‍ മുരളീധരന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരുന്നതില്‍ ആര്‍ക്കും എതിര്‍പ്പുമില്ലായിരുന്നു.

എന്നാല്‍ അത്യാവശ്യമായ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതു കൊണ്ട് മാത്രമായിരുന്നു പ്രവേശനം വൈകിയത്.