മുഖം‌മൂടി ആക്രമണം: ഗള്‍ഫ് വ്യവസായിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2013 (11:27 IST)
PRO
ഗള്‍ഫ് വ്യവസായിയെ മുഖംമൂടി സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശിയും ദുബൈ നോവല്‍റ്റി ഗ്രൂപ്പ് ഉടമയുമായ എബി അബ്ദുള്‍ സലാം ഹാജിയെയാണ് (58) അജ്ഞാതസംഘം കൊലപ്പെടുത്തിയത്.

രാത്രി 12 മണിയോടെയാണ് സംഭവം. കോളിംഗ് ബെല്ല് അടിച്ചപ്പോള്‍ വാതില്‍ തുറന്നതോടെയാണ് മുഖം‌മൂടി സംഘം വീട്ടില്‍ കടന്നത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതര്‍ പുറത്തുണ്ടായിരുന്ന കസേര കൊണ്ട് ഹാജിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വായമൂടികെട്ടുകയും കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.

ഈ സമയം വീട്ടിലുണ്ടായിരുന്ന മകനെ ബാത്ത് റൂമിലും ഭാര്യയേയും മറ്റ് മക്കളെയും അടുക്കളയിലും പൂട്ടിയിടുകയായിരുന്നു. കൊലനടത്തിയ സംഘം വീട്ടിലുണ്ടായിരുന്ന സിസിടിവി തകര്‍ത്ത ശേഷമാണ് കടന്നുകളഞ്ഞത്.
സലാം ഹാജിയുടെ മകന്‍ ഉപയോഗിച്ചിരുന്ന ഫോണും സംഘം എടുത്തുകൊണ്ട് പോയി.