മാനനഷ്ടം: വി എസിനെ വെറുതെവിട്ടു

Webdunia
തിങ്കള്‍, 12 മെയ് 2008 (16:35 IST)
WDWD
മാറാട് കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന മാന നഷ്ടക്കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരനെയും വെറുതെ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് വിധി പ്രസ്താവിച്ചത്.

മാറാട് കലാപത്തിന് പിന്നില്‍ എന്‍ ഡി എഫ് ആണെന്ന് പിണറായി വിജയന്‍ പ്രസ്താവന നടത്തിയിരുന്നു. ഇത് പ്രസിദ്ധീകരിച്ചതാണ് അന്ന് ദേശാഭിമാനി പത്രാധിപരായിരുന്ന അച്യുതാനന്ദനെയും പത്രത്തിന്‍റെ മാനേജിംഗ് ഡയറക്ടറായിരുന്ന പി കരുണാകരയെയും പ്രതിസ്ഥാനത്താകിയത്.

പിണറായിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍ ഡി എഫ് നേതാവ് നസറുദ്ദീന്‍ എളമരമാണ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച വിധി പ്രസ്താവിക്കാനിരുന്നതാ‍ണെങ്കിലും നേതാക്കള്‍ ഹാജരാകാത്തതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇന്നും നേതാക്കള്‍ ഹാജരായിരുന്നില്ല.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ ഡി എഫ് അറിയിച്ചു.