മലപ്പുറം ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ: ആര്‍ടിഒയുടെ റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (08:44 IST)
PRO
PRO
മലപ്പുറം തേലക്കാട്ട് ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നാളെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറുമെന്നാണ് വിവരം. തേലക്കാട്ട് ബസ് അപകടത്തില്‍ 13 പേരാണ് മരണപ്പെട്ടത്.

ബസിന്റെ ടയര്‍ പൊട്ടിയാണ് ബസ് മറിഞ്ഞെതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇടിയുടെ ആഘാതത്തിലാണ് ബസിന്റെ ടയര്‍ പൊട്ടിയതെന്നാണ് ആര്‍ടിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലപ്പുറം ആര്‍ടിഒ എം പി അജിത്കുമാറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അശ്രദ്ധമായ ഡ്രൈവിങും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നും ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായതെങ്കില്‍ ബസ്സിന്റെ ലോഹഭാഗങ്ങള്‍ റോഡില്‍ ഉരസിയതിന്റെ അടയാളം കാണുമായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അടയാളം ബസ്സ് മറിഞ്ഞ് കിടന്ന ഭാഗത്ത് കണ്ടെത്തെനായില്ലെന്നും അദ്ദേഹം പറയുന്നു.

കൂടാതെ അപകട സ്ഥലം സന്ദര്‍ശിച്ച നാക്പാക്ക് സംഘം റോഡ് നിര്‍മ്മിച്ചിരിക്കുന്നത് അശാസ്ത്രിയമാണന്ന് കണ്ടെത്തിയിട്ടുണ്ട്. ബസ് അപകടത്തിന്റെ കാരണം ടയര്‍ പൊട്ടിയതാണന്ന് മുന്‍ മലപ്പുറം ആര്‍ടിഒ വി സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത് വന്നിരുന്നു.

തുടര്‍ന്ന് വിദഗ്ധ സംഘം അപകട സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയതിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗിന്റെ വാദം ശരിവയ്ക്കുന്നതായിരുന്നു.