മരുന്നുവില: യേശുദാസിന്‍റെ ഹര്‍ജി സ്വീകരിച്ചു

Webdunia
തിങ്കള്‍, 18 ജനുവരി 2010 (15:14 IST)
PRO
PRO
ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ യേശുദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. യേശുദാസും കൊച്ചിയിലെ സാമൂഹ്യസംഘടനയായ ജനപക്ഷവും ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ക്യാന്‍സറടക്കമുള്ള രോഗത്തിനുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ വിവിധ ഏജന്‍സികള്‍ കൊള്ളലാഭത്തിന് വില്ക്കുന്നതിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു യേശുദാസ് ഹര്‍ജി സമര്‍പ്പിച്ചത്.

പരമാവധി വില്‍പ്പന വില മരുന്നുകവറുകളില്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ മരുന്നുകമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന ആരോഗ്യവകുപ്പ്‌, സംസ്ഥാന ആരോഗ്യമന്ത്രി പി കെ. ശ്രീമതി, ഡ്രഗ്സ്‌ കണ്‍ട്രോളര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.