അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ സുപ്രധാനകണ്ണിയായ കള്ളക്കടത്തുകാരന്‍ രാജേഷ് ഭരദ്വാജിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. ഡി ആര്‍ ഐ സംഘം തിങ്കളാഴ്ച രാവിലെ ഇയാളെ കൊച്ചിയില്‍ കൊണ്ടുവന്നു.
ചണ്ഡീഗഡില്‍ നിന്നാണ് രാജേഷ് ഭരദ്വാജിനെ പിടികൂടിയത്. 2008 മാര്‍ച്ചില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയിലെ മുഖ്യപ്രതിയാണ് ഇയാള്‍. 11 കോടി രൂപയുടെ മയക്കുമരുന്നാണ് അന്ന് പിടികൂടിയത്. അന്ന് ഇയാള്‍ തന്ത്രപൂര്‍വം പിടികൊടുക്കാതെ രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ പോയ ഉദ്യോഗസ്ഥരെ കാറില്‍ തട്ടിക്കൊണ്ടുപോയി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ചണ്ഡീഗണ്ഡിലെ കോടീശ്വരനായ ഇയാള്‍ക്ക് അവിടെ നക്ഷത്ര ഹോട്ടലുകള്‍ ഉണ്ട്. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രമുഖരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. മലയാളികള്‍ വഴി ഗള്‍ഫില്‍ ഇയാള്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.