മദ്യപിക്കുന്നതിനു പണം നല്‍കാത്ത ദേഷ്യത്തില്‍ അമ്മയെ വധിച്ച മകന്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (21:21 IST)
PRO
മദ്യപിക്കുന്നതിനു പണം നല്‍കാത്ത ദേഷ്യത്തില്‍ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പള്ളിക്കല്‍ പകല്‍ക്കുറി കുളക്കുറ്റി രാഘവ വിലാസത്തില്‍ സുനില്‍ കുമാര്‍ എന്ന 36 കാരനെയാണു ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

രാഘവ വിലാസത്തില്‍ തുളസിയമ്മ എന്ന 62 കാരിയാണു മര്‍ദ്ദനമേറ്റു മരിച്ച മാതാവ്. റിട്ടയേഡ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ (നാവായിക്കുളം) അദ്ധ്യാപികയായിരുന്നു തുളസിയമ്മ. ഭര്‍ത്താവ് രാഘവന്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

തുളസിയമ്മയുടെ ഏകമകനായ സുനില്‍ കുമാര്‍ പഠനത്തില്‍ വളരെ പിന്നിലായിരുന്നു. സ്ഥിരമായി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് തുളസിയമ്മയെ ഉപദ്രവിക്കുക പതിവായിരുന്നു. പിന്നീട് പണം നല്‍കാതായി. വിവാഹിതനായ അരുണ്‍ കുമാര്‍ തിരുവോണ നാളിലും മദ്യപാനത്തിനു പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്ന തുളസിയമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ്‌ അയല്‍ക്കാര്‍ പറയുന്നത്.

തുളസിയമ്മ മരിച്ച വിവരം നാട്ടുകാരാണു പൊലീസിനെ അറിയിച്ചത്. പള്ളിക്കല്‍ എസ് ഐ രാജീവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.