മതവിരുദ്ധനിലപാട് അവസാനിപ്പിക്കണം - കുഞ്ഞാലിക്കുട്ടി

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (15:57 IST)
FILEWD
ന്യൂനപക്ഷ നിലപാടും മതവിരുദ്ധ നിലപാടും സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുസ്ലീം‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ അവകാശവും മതവിരുദ്ധ നീക്കങ്ങളും മുസ്ലീം‌ലീഗിന് നോക്കി നില്‍ക്കാനാവില്ല.സ്കൂള്‍ സമയമാറ്റം, അറബി ഭാഷയ്ക്കെതിരായ നിലപാട് തുടങ്ങിയവ ഇതിന് ഉദാഹരണ ങ്ങളാണ്. അതിനാല്‍ സമാന മനസ്കരായ എല്ലാവരുമായി ചര്‍ച്ച ചെയ്ത് വളരെ ശക്തമായ നടപടികളെടുക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്.

പിന്നോക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ലീഗ് നടത്തിയ ശ്രമങ്ങളെല്ലാം തകിടം മറിഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇടതു പക്ഷത്തിന്‍റെ നിലപാടും ഇത് തന്നെയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരും.

സംസ്ഥാനത്തെ തകര്‍ന്ന റോഡുകളടക്കം ഇടതുമുന്നണി സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ തിക്തഫലങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനിടയില്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സര്‍ക്കാറിന്‍റെ പ്രതിച്ഛായ നഷ്ടമായി.

വിദ്യാഭ്യാസ രംഗത്തും ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍.സി.പിയെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് യു.ഡി.എഫോ ലീഗോ ഇതുവരെയും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല.ലീഗ് സെക്രട്ടറി എം.കെ മുനീറിനെതിരെ ദീപിക പത്രം ഉന്നയിച്ച ആരോപണങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തോയെന്ന് ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

നിങ്ങള്‍ ഏത് തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചാലും തന്‍റെ പ്രമേയത്തിന് ഫോക്കസ് കൊടുക്കുന്ന ഒരു നിലപാടിലേക്ക് താനില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.