മണിയുടെ പ്രസ്താവന: പ്രതികരിക്കേണ്ടത് പിണറായിയാണെന്ന് ഉമ്മന്‍‌ചാണ്ടി

Webdunia
ശനി, 26 മെയ് 2012 (14:54 IST)
PRO
PRO
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസ്താവനയുടെ പശ്ചത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. മണി പറഞ്ഞതിനോട് ആദ്യം പ്രതികരിക്കേണ്ടത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

വിലപ്പെട്ടകാര്യങ്ങളാണ് മണി വെളിപ്പെടുത്തിയത്. ഇത് വളരെ ഗൌരവവമേറിയതാണ്. ഇവ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച തൊടുപുഴയില്‍ നടന്ന ഒരു പൊതുചടങ്ങിലാണ് എം എം മണി വിവാദ പ്രസ്താവന നടത്തിയത്.

രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഇനിയും കൊല്ലും. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. 13 പേരുടെ പട്ടിക തയാറാക്കി. ഇതില്‍ മൂന്നുപേരെയാണ് കൊന്നത്. വെടിവച്ചും, തല്ലിയും കുത്തിയും കൊന്നു. കൊല നടത്തിയാല്‍ തുറന്നുപറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട് തുടങ്ങിയ കാര്യങ്ങളാണ് മണി വ്യക്തമാക്കിയത്.