ഭൂമിവിതരണം അട്ടിമറിക്കാന്‍ ഗൂഢാലോചന

Webdunia
വ്യാഴം, 29 ജൂലൈ 2010 (14:40 IST)
PRO
PRO
ആദിവാസികളുടെ ഭൂമിവിതരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ആദിവാസി ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഉടനെ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ മന്ദിരത്തില്‍ മന്ത്രി എ.കെ.ബാലനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ലയില്‍ ഭൂമിവിതരണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ടെന്നും ഫോട്ടോയെടുക്കുന്നതിലുണ്ടായ കാലതാമസംമൂലമാണ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും മന്ത്രി വിശദീകരിച്ചു.

ആദിവാസികള്‍ക്ക് കൂടുതല്‍ ഭൂമി അനുവദിച്ചുവെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയതും ഭൂമി വിതരണത്തിലെ കാലതാമസത്തിന് കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്‍റെ ഭൂമി വിതരണത്തിനെതിരെ വ്യാപക പ്രചാരണം നടന്നുവരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടപ്പാടി ഭൂമി കയ്യേറ്റം സംബന്ധിച്ച പ്രതിപക്ഷ പ്രതിപക്ഷ നിലപാട് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്ന് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ആദിവാസിഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയയുടെ തായ്‌വേര് അരിയുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തിടുക്കത്തില്‍ നടപടിയെടുത്താല്‍ ഭൂമാഫിയ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുമെന്നതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടി കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.