ബ്രേക്ക് പൈപ്പുകള്‍ മുറിച്ചത്: നക്സല്‍ പങ്ക് അന്വേഷിക്കുന്നു

Webdunia
വ്യാഴം, 8 ജൂലൈ 2010 (15:02 IST)
നിലമ്പൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ പാസഞ്ചര്‍ തീവണ്‌ടിയുടെ എയര്‍ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ച സംഭവത്തില്‍ തീവ്രവാദി-നക്സല്‍ സംഘടനകളുടെ പങ്ക്‌ പൊലീസ്‌ സംഘം അന്വേഷിക്കുന്നു. ബ്രേക്ക് പൈപ്പുകള്‍ മുറിച്ച സംഭവം യാദൃശ്ചികമല്ലെന്നും വ്യക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമാണ്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്‌. അട്ടിമറിയാണെന്നാണ്‌ പ്രാഥമിക നിഗമനം.

രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മലപ്പുറം എസ് പി സേതുരാമന്‍റെ നേതൃത്വത്തില്‍ പൊലീസ്‌ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൂടാതെ, സംഭവത്തെക്കുറിച്ച്‌ പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തുമെന്ന്‌ എസ് പിയും അറിയിച്ചിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്‍റ് ഡിവൈഎസ്പി ടി അബ്ദുള്‍ കരീമിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ഇന്നു രാവിലെയായിരുന്നു നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രയിനിന്‍റെ ആറുമുതല്‍ 11 വരെയുള്ള കോച്ചുകളിലെ വാല്‍വുകള്‍ 20 ഇടങ്ങളില്‍ മുറിച്ചതായി കണ്ടെത്തിയത്‌. പുലര്‍ച്ചെ 06.45 നായിരുന്നു ട്രയിന്‍ നിലമ്പൂര്‍ ജംഗ്ഷനില്‍ നിന്ന്‌ പുറപ്പെടേണ്‌ടിയിരുന്നത്‌. വണ്‌ടി നീങ്ങാതിരുന്നതിനെ തുടര്‍ന്ന്‌ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്‌ ബ്രേക്ക്‌ വാല്‍വുകള്‍ മുറിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്‌.

മാവോയിസ്റ്റ്‌ സംഘടനകള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് സംഘം സംശയിക്കുന്നുണ്ട്‌. പ്രധാനമായും, മാവോയിസ്റ്റ്‌ പങ്കിനെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണ്‌. മാവോയിസ്റ്റുകള്‍ നടത്തുന്ന അഖിലേന്ത്യാ ബന്ദിനിടെ നടത്താന്‍ ശ്രമിച്ച അക്രമം ആണോ ഇതെന്നാണ്‌ ഇപ്പോള്‍ സംശയിക്കുന്നത്.
എന്നാല്‍, ആളപായം ലക്‌ഷ്യമിട്ടല്ല സംഭവം ആസൂത്രണം ചെയ്തതെന്നാണ്‌ പൊലീസിന്‍റെ നിഗമനം. ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ്‌ കരുതുന്നത്‌.