ബൈക്ക് മോഷ്ടാവ് പിടിയില്‍

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (15:02 IST)
PRO
PRO
പതിനൊന്നിലേറെ ബൈക്കുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ച പ്രതി പിടിയിലായി. വര്‍ക്കല താഴെ വെട്ടൂര്‍ ആശാന്‍ മുക്ക് വയലില്‍ വീട്ടില്‍ അബു താലിബ് എന്ന ഇരുപതിയഞ്ചുകാരനാണ് പൊലീസ് വലയിലായത്.

അടുത്തിടെ പാരിപ്പള്ളി ചാവര്‍കോട് കാറ്റാടിമുക്കിലെ സിവിജി ഹൌസിലെ സാബു എന്നായാളുടെ ഒന്നര ലക്ഷത്തോളം വില വരുന്ന പുതിയ ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച് വിലസുകയായിരുന്നു പിടിയിലായപ്പോള്‍ അബു താലിബ്. കഴിഞ്ഞ 20 നായിരുന്നു ബുള്ളറ്റ് ബൈക്ക് മോഷണം പോയത്.

വെഞ്ഞാറമൂട്, കൊഞ്ചിറ, പനവൂര്‍, വിവിധ റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മിക്ക ബൈക്കുകളും ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇതിനൊപ്പം പോത്തന്‍കോട്ടെ ഒരു വീട്ടില്‍ നിന്ന് 45000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌.

എസ്പി ജെ തോമസ് കുട്ടി, ഡിവൈഎസ്പി ആര്‍ പ്രതാപന്‍ നായര്‍, സിഐ എസ് ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതിയെ കുടുക്കിയത്. ഇയാള്‍ വലയിലായതിനെ തുടര്‍ന്ന് ബൈക്ക് മോഷണങ്ങളുടെയും മറ്റു ചില കേസുകളുടെയും തുമ്പുണ്ടാകുമെന്നാണു പൊലീസ് നിഗമനം.