ബിവറേജസ് ഔട്ട്ലറ്റില്‍ മോഷണശ്രമം: 3 പേര്‍ പിടിയില്‍

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2013 (17:20 IST)
PRO
PRO
അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ അംഗങ്ങളായ മൂന്നു പേരെ തലസ്ഥാന നഗരിയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റില്‍ മോഷണ ശ്രമത്തിനിടെ പിടികൂടി. തമ്പാന്നൂര്‍ ഓവര്‍ ബ്രിഡ്ജിനടുത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റിനു മുന്നില്‍ വച്ചാണ്‌ ഇവരെ അറസ്റ്റ് ചെയ്തത്.

കന്യാകുമാരി പുതുപ്പള്ളിക്കടുത്ത് ഷാജഹാന്‍ (37), ചാല കരിമഠം കോളനി നിവാസി ബിനു എന്ന മൈക്ക ബിനു (32), തിരുവല്ലം പുഞ്ചക്കരി ഷാനു (24 എന്നിവരാണു തമ്പാന്നൂര്‍ പൊലീസിന്‍റെ പിടിയിലായത്.

തമ്പാന്നൂര്‍ സി.ഐ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ. എസ്. അജയകുമാറിന്‍റെ സംഘമാണ്‌ പ്രതികളെ കുടുക്കിയത്. ബിനുവിനെതിരെ ഫോര്‍ട്ട്, തമ്പാന്നൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ഷാജഹാന്‍ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം, കരിങ്കല്‍ എന്നീ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലെ നിരവധി കേസുകളിലും പ്രതിയാണ്‌.