ബിജെപി ഒന്നിലധികം സീറ്റ് നേടും?

Webdunia
ശനി, 26 ഫെബ്രുവരി 2011 (16:51 IST)
PTI
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നിലധികം സീറ്റ് നേടുമെന്ന് സുഷമ ഉറപ്പിച്ച് പറഞ്ഞത്.

കേരളത്തില്‍ ഇത്തവണ ത്രികോണ മത്സരമായിരിക്കും നടക്കുന്നത്. യുഡി‌എഫും എല്‍ഡി‌എഫും അഴിമതിക്കാരാണ്. അഴിമതിയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയെമെന്നും സുഷമ പറഞ്ഞു. കേരളത്തില്‍ ബിജെപി ശക്തമായ ഒരു പ്രതിപക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം വോട്ടര്‍‌മാര്‍ തിരിച്ചറിയുമെന്നാണ് വിശ്വാസമെന്നും സുഷമ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനമായി. പാര്‍ട്ടിയിലെ പ്രമുഖരെല്ലാം മത്സര രംഗത്തുണ്ട്. യു‌ഡി‌എഫിനും എല്‍‌ഡി‌എഫിനും എതിരെയുള്ള ജനവികാരം പരമാവധി മുതലെടുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി ‌എസ് ശ്രീധരന്‍ പിള്ള, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ് എന്നിവരെ മത്സരിപ്പിക്കാന്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.