ബസ് ചാര്‍ജ് വര്‍ദ്ധന: കേസ് അടുത്തയാഴ്‌ചത്തേക്ക് മാറ്റി

Webdunia
ചൊവ്വ, 19 ജനുവരി 2010 (15:37 IST)
PRO
PRO
ബസ് ചാര്‍ജ്ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട കേസ് അടുത്തയാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിവെച്ചു. ചാര്‍ജ്ജ് വര്‍ദ്ധനയ്‌ക്ക് ശുപാര്‍ശ ചെയ്‌തു കൊണ്ടുള്ള നാറ്റ്പാക് റിപ്പോര്‍ട്ട് മന്ത്രിസഭ വിശകലനം ചെയ്യുന്നതിനാലാണ് കേസ് അടുത്താഴ്ച പരിഗണിക്കാനായി മാറ്റിവെച്ചത്.

ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ പരോക്ഷമായി ശുപാര്‍ശ ചെയ്തുകൊണ്ടാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അടുത്തിടെയുണ്ടായ ബസ് സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയതും നാറ്റ്പാക് റിപ്പോര്‍ട്ടിനെ മറയാക്കിയാണെന്ന് ആരോപണമുണ്ടായിരുന്നു. സ്വകാര്യ ബസുകളുടെയും ഓട്ടോ, ടാക്സി തുടങ്ങിയവയുടെയും പ്രവര്‍ത്തനച്ചെലവുകള്‍ സംബന്ധിച്ചാണ് നാറ്റ്പാക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബസ്, ഓട്ടോ ചാര്‍ജുകള്‍ വര്‍ദ്ധിക്കുമെന്ന സൂചനയാണ് നാറ്റ്‌പാക് റിപ്പോര്‍ട്ടിലുള്ളത്. കിലോമീറ്ററിനു വരുന്ന ചെലവില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ എത്രരൂപ വര്‍ദ്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതേതുടര്‍ന്നാണ് മന്ത്രിസഭ ഇക്കാര്യം പഠിക്കാനായി യോഗം ചേരുന്നത്.

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് നാറ്റ്‌പാക് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന്‌ ഇതുസംബന്ധിച്ചു ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.