ബന്ധു വധിക്കാന്‍ ശ്രമിക്കുന്നു: കുഞ്ഞാലിക്കുട്ടി

Webdunia
വെള്ളി, 28 ജനുവരി 2011 (11:27 IST)
WD
തനിക്ക് ഒരു ബന്ധുവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞത്.

തന്റെ ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവ് റൌഫില്‍ നിന്നാണ് തനിക്ക് ഭീഷണി. റൌഫ് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തിനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. തനിക്ക് ദിവസേന ലഭിക്കുന്ന ഭീഷണി ഫോണ്‍ കോളുകളുടെ തെളിവുകളും തന്റെ പക്കലുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മംഗലാപുരത്തുള്ള ഒരു ഗുണ്ടാസംഘത്തെയാണ് തന്നെ വധിക്കാന്‍ ഏര്‍പ്പെടുത്തിയത്. ഗുണ്ടാ സംഘങ്ങള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി അംഗരക്ഷകര്‍ക്ക് പലപ്പോഴും സംശയം തോന്നിയിരുന്നു. ഇതെതുടര്‍ന്ന് അംഗരക്ഷകര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇതെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗഹിക്കുന്നില്ല.

റൌഫും മറ്റുപലരും വ്യാജ സിഡി നിര്‍മ്മിച്ച് തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. മുമ്പ് പലതവണ താന്‍ ബ്ലാക്‍മെയിലിനു വഴങ്ങിയിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ പല സഹായങ്ങളും പറ്റിയിട്ടുള്ളവരാണ് ഇതിനു പിന്നില്‍. ഇത്തരക്കാരെ വഴിവിട്ട് സഹായിച്ചതില്‍ കുറ്റബോധമുണ്ട്. ഇനി ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.