പ്രസവം നിര്‍ത്തിയ യുവതി ഗര്‍ഭിണിയായതായി പരാതി

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (05:21 IST)
പ്രസവം നിര്‍ത്താനായി ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി ഗര്‍ഭിണിയായതില്‍ ഭര്‍ത്താവ് നിയമനടപടിക്കൊരുങ്ങുന്നു. മാവേലിക്കര തെക്കേക്കര സ്വദേശിനിയുടെ ഭര്‍ത്താവാണ് ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പ്രസവശസ്ത്രക്രിയാവിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യ മൂന്നുവര്‍ഷം മുമ്പാണ് മൂന്നാമത്തെ കുട്ടിക്ക് ആലപ്പുഴ ആശുപത്രിയില്‍ ജന്മം നല്‍കിയത്. ആറുമാസത്തിനുശേഷം പ്രസവം നിര്‍ത്താനായി ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയക്കും വിധേയയായി. രണ്ടാഴ്ച മുമ്പ് ശക്തമായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് രണ്ടരമാസം ഗര്‍ഭിണിയാണെന്ന് മനസിലായത്. യുവതിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ചൊവ്വാഴ്ച വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.

ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയമായവരില്‍ അപൂര്‍വം പേര്‍ മാത്രമാണ് രക്ഷപെട്ടിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയയിലെ പിഴവുമൂലമാണ് വീണ്ടും ഗര്‍ഭിണിയായതെന്നും ഇതിന് കാരണക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.