പ്രഭുദയയുടെ ക്യാപ്റ്റനെ അറസ്റ്റുചെയ്തു

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (16:06 IST)
PRO
PRO
കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രഭുദയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ പെരേര ചാള്‍സ് ഗോര്‍ഡനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തത്. ക്യാപ്റ്റനെ ചൊവ്വാഴ്ച അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുന്ന് പൊലീസ് അറിയിച്ചു.

രാവിലെ ക്യാപ്റ്റന്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍നിന്ന് എത്തിയ പൊലീസ് സംഘം പെരേരയെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് ക്യാപ്റ്റന്‍ പെരേര ചാള്‍സ് ഗോര്‍ഡന്‍. രണ്ടാം പ്രതി കപ്പലിലെ നാവികന്‍ മയൂര്‍ വീരേന്ദ്രകുമാറിനെ കേരള പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ട്രിങ്കോമാലിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി പ്രശോഭ് സുഗതനാണ് കേസിലെ ഒന്നാംപ്രതി. പ്രശോഭ് സുഗതനെ കടലില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്ന് അദ്ദേഹത്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ക്യാപ്റ്റനും കപ്പലിലെ ചില ജീവനക്കാര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.