പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (11:11 IST)
PRO
PRO
തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേക്ഷണം ആരംഭിച്ചു. ആരോപണ വിധേയനായ അധ്യാപകന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാന അധ്യാപകനായ ജയകുമാര്‍ പത്ത് വയസില്‍ താഴെ പ്രായമുളള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം കുട്ടികള്‍ ആദ്യം വീട്ടിലറിയിച്ചു.

ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെ മറ്റ് അധ്യാപകരെ വിവരം അറിയിക്കുകയും പിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ജയകുമാര്‍ കുട്ടികളെ ഉപദ്രവിക്കുന്നത് തുടര്‍ന്നതോടെയാണ് കുട്ടികളുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര പൊലീസിനാണ് കേസിന്റെ അന്വേക്ഷണ ചുമതല. മുമ്പും കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അച്ചടനടപടിയുടെ ഭാഗമായി സസ്‌പെന്‍ഷനും സ്ഥലംമാറ്റവും നേരിട്ടയാളാണ് ജയകുമാര്‍.