പ്രതാപന്‍ ഹരിതരാഷ്ട്രീയത്തിന്‍റെ അടിമയാകരുത്!

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2012 (12:53 IST)
PRO
ഹരിത രാഷ്ട്രീയക്കാര്‍ എന്നറിയപ്പെടുന്ന കുറച്ച് എം എല്‍ എമാര്‍ അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കോണ്‍ഗ്രസിലും യു ഡി എഫിലും ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രമുഖ ഹരിതരാഷ്ട്രീയക്കാരനായ ടി എന്‍ പ്രതാപന്‍ എംഎല്‍എയെ കഴിഞ്ഞ ദിവസം പൊതുവേദിയില്‍ വിമര്‍ശിച്ചത് കോണ്‍ഗ്രസിന്‍റെ തന്നെ എം പിയായ കെ പി ധനപാലന്‍. പ്രതാപന്‍ ഹരിതരാഷ്ട്രീയത്തിന്‍റെ അടിമയാകരുതെന്നാണ് ധനപാലന്‍ തുറന്നടിച്ചത്.

“സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. ഈശ്വരന്‍ എല്ലാ സമ്പത്തും നല്‍കിയിട്ടും നമ്മുടെ നാടിന്‍റെ വികസനം പിന്നാക്കം പോയിരിക്കുകയാണ്‌. വികസനത്തിന്‍റെ ആവശ്യകത കേരളത്തിലെ നേതാക്കള്‍ മനസിലാക്കണം. പ്രതാപന്‍ ഹരിതരാഷ്ട്രീയത്തിന്‍റെ അടിമയാകരുത്” - ധനപാലന്‍ ഓര്‍മ്മിപ്പിച്ചു.

“പുത്തന്‍പ്രവണതകള്‍ ആഗോളകാഴ്ചപ്പാടില്‍“ എന്ന വിഷയത്തില്‍ മാള ഹോളിഗ്രെയ്സ്‌ അക്കാദമിയില്‍ നടന്ന അന്തര്‍ദേശീയ സെമിനാറിന്‍റെ ഉദ്ഘാടനവേദിയിലാണ് ടി എന്‍ പ്രതാപനെ കെ പി ധനപാലന്‍ വിമര്‍ശിച്ചത്.

ഹരിതരാഷ്ട്രീയത്തിന്‍റെ പ്രസക്തിയാണ്‌ ആഗോളനേതൃത്വത്തിന്‍റെ പുതിയ പ്രവണതയാകേണ്ടതെന്ന്‌ പ്രതാപന്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭൂമിക്കും പ്രകൃതിക്കും കോട്ടം തട്ടാതെയും പ്രകൃതിയെ ചൂഷണം ചെയ്യാതെയുമാണ് വികസനം നടപ്പാക്കേണ്ടത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ നേതാക്കളല്ല - പ്രതാപന്‍ പറഞ്ഞു. ഇതിനോടാണ് ധനപാലന്‍ ശക്തമായി പ്രതികരിച്ചത്.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇപ്പോള്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ എം കെ നാരായണനും തനിക്കു പ്രതാപന്‍റെ ആശയത്തോടു യോജിപ്പില്ലെന്ന്‌ സെമിനാറില്‍ അറിയിച്ചു.