അഞ്ചുവര്‍ഷം സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്ന പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് കണ്ണന്താനം കളം മാറ്റിച്ചവിട്ടുന്നു. ‘ഠ’ വട്ടത്തിലുള്ള കേരളത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയ കണ്ണന്താനം നേരെ പോകുന്നത് ഡല്‍ഹിക്കാണ്. അവിടെ, രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യസമിതിയിലേക്ക് കണ്ണന്താനം പോകുമെന്ന് അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങള്‍ തന്നെയാണ് സൂചന നല്കിയത്.
ഡല്‍ഹി കമ്മീഷണറായും കോട്ടയം കളക്‌ടറായും കണ്ണന്താനം നടത്തിയ ഭരണമികവില്‍ ആകൃഷ്ടനായ രാഹുല്‍ഗാന്ധി കഴിഞ്ഞ ആറുമാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടു വരികയാണ് എന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം കണ്ണന്താനം നിഷേധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ രാഹുല്‍ ഗാന്ധിയോടെ സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഹുല്‍ ഗാന്ധി തന്നെ വിളിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കണ്ണന്താനത്തിന്റെ സേവനം കോണ്‍ഗ്രസ് ദേശീയനേതൃത്വം ആഗ്രഹിക്കുന്നതായാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നു.
ഇതിനിടെ, പൂഞ്ഞാറില്‍ നിന്ന് കണ്ണന്താനം പിന്മാറിയതിനു പിന്നില്‍ സഭയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതും കണ്ണന്താനം നിഷേധിച്ചിരിക്കുകയാണ്. തന്റെ പിന്മാറ്റത്തിനു പിന്നില്‍ സഭയുടെ ഇടപെടലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ദരിദ്രരുടെ പേരുപറഞ്ഞ് തന്നെയാരും പരിഹസിക്കേണ്ടതില്ലെന്നും പിണറായി വിജയന് മറുപടിയായി കണ്ണന്താനം പറഞ്ഞു.
കേരളത്തില്‍ ദരിദ്രരില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇവിടുത്തെ അപേക്ഷിച്ച് വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ പട്ടിണിപ്പാവങ്ങള്‍ ഉള്ളതെന്നാണ് പറഞ്ഞതെന്നും അവരുടെയിടയില്‍ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ കണ്ണന്താനം ഇതിനെയാരും പരിഹസിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.