പീഡിപ്പിച്ച 2 പേരുടെ പേരുകള്‍ സരിത പറഞ്ഞിരുന്നു: എസിജെഎം

Webdunia
ബുധന്‍, 13 നവം‌ബര്‍ 2013 (18:10 IST)
PRO
സരിത എസ് നായരെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേരുടെ പേരുകള്‍ തന്നോട് അവര്‍ പറഞ്ഞിരുന്നതായി എറണാകുളം എസിജെഎം എന്‍ വി രാജു. സരിത പറഞ്ഞിരുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പിയെ അറിയിച്ചിരുന്നു എന്നും എസിജെഎം നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതോടെ സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. രണ്ടുപേരുടെ പേരുകള്‍ പറഞ്ഞിരുന്നതായി ഓര്‍മ്മയുണ്ടെന്നും എന്നാല്‍ ആരുടെയൊക്കെ പേരുകളാണെന്ന് ശ്രദ്ധിച്ചില്ലെന്നുമാണ് മജിസ്ട്രേറ്റിന്‍റെ മൊഴി. മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞതായി ചാനലുകളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞപ്പോള്‍ താന്‍ അത്തരത്തില്‍ ഒരു മൊഴിയും രേഖപ്പെടുത്തിയില്ലെന്ന് ഡിവൈഎസ്പിയെ അപ്പോള്‍ തന്നെ അറിയിച്ചു എന്നും മജിസ്ട്രേറ്റിന്‍റെ മൊഴിയില്‍ പറയുന്നു.

ആരെങ്കിലും ബലാത്സംഗം ചെയ്തോ എന്ന ചോദ്യത്തിന് ചെയ്തു എന്നായിരുന്നു സരിതയുടെ മറുപടി. എന്നാല്‍ സരിത കള്ളം പറയുകയാണെന്ന് തോന്നിയതിനാല്‍ അത് രേഖപ്പെടുത്തിയില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാനും നിര്‍ദ്ദേശിച്ചു - മൊഴിയില്‍ പറയുന്നു.

എന്നാല്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് സരിത പറഞ്ഞിട്ടില്ലെന്നാണ് കോടതി ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്.