പി മോഹനനുമായി ഫയിസ് ജയിലില്‍ കൂടിക്കാഴ്ച നടത്തിയതെക്കുറിച്ച് അന്വേഷിക്കണം: കെ കെ രമ

Webdunia
ബുധന്‍, 29 ജനുവരി 2014 (11:32 IST)
PRO
PRO
സ്വര്‍ണക്കടത്ത് കേസിലെ പ്രതി ടി കെ ഫയാസും സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗ പി മോഹനനും തമ്മില്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തിയതെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി സിപിഎം നേതാക്കള്‍ക്കുളള ബന്ധം ഇതോടെ വെളിവായിരിക്കുകയാണെന്നും രമ പറഞ്ഞു.

ടി പി വധക്കേസില്‍ പ്രതിയായി കോഴിക്കോട് ജയിലില്‍ കഴിയവെ പി മോഹനനെ സ്വര്‍ണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി ഫായിസ് സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനലാണ് പുറത്ത് വിട്ടത്. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്ത് വരുന്നതായാണ് ദൃശ്യങ്ങള്‍.

കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് വൈകുന്നേരം പകര്‍ത്തിയ സിസിടിവി ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളില്ല.

ടിപി വധത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ട്‌ പി മോഹനനെ എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ടിരുന്നു. മോചിതനായ മോഹനന്‍ താന്‍ ഫായിസിനെ കണ്ടിട്ടില്ലെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.