പി കെ നാരായണപ്പണിക്കര്‍ അന്തരിച്ചു

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (15:07 IST)
PRO
എന്‍ എസ് എസ് മുന്‍ ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍(81) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.10ന് ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. അടുത്ത ബന്ധുക്കളും എന്‍ എസ് എസ് നേതാക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.

ഒട്ടേറെ രോഗങ്ങള്‍ നാരായണപ്പണിക്കരെ അലട്ടിയിരുന്നു. അടുത്ത കാലത്തായി പൂര്‍ണ വിശ്രമത്തിലായിരുന്നു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം പ്രസിഡന്‍റായി ചുമതലയേറ്റെങ്കിലും അദ്ദേഹം എന്‍ എസ് എസ് ഓഫീസില്‍ വരുന്നതുപോലും അപൂര്‍വമായിരുന്നു.

ചങ്ങനാശ്ശേരി എന്‍ എസ് എസ് ആശുപത്രിയിലാണ് അദ്ദേഹം അവസാനകാലത്ത് ചികിത്സ തേടിയിരുന്നത്. 28 വര്‍ഷക്കാലം എന്‍ എസ് എസിന്‍റെ ജനറല്‍ സെക്രട്ടറിപദം അലങ്കരിച്ചു.

1984 ലാണ് നാരായണപ്പണിക്കര്‍ എന്‍ എസ് എസിന്‍റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മന്നത്ത് പദ്മനാഭന് ശേഷം ഏറ്റവും കൂടുതല്‍ കാലം എന്‍ എസ് എസിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണപ്പണിക്കര്‍. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.

മികച്ച അധ്യാപകനും അഭിഭാഷകനുമായിരുന്ന നാരായണപ്പണിക്കര്‍ അതെല്ലാം ഉപേക്ഷിച്ചാണ് സമുദായ സേവനത്തിനിറങ്ങിയത്. 1973ല്‍ ചങ്ങനാശ്ശേരി നഗരസഭാ ചെയര്‍മാനായി. ഏഴര വര്‍ഷത്തോളം എന്‍ എസ് എസ് ട്രഷററായിരുന്നു. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി പോയതിന്‍റെ ഒഴിവിലാണ് നാരായണപ്പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.

സ്കൂള്‍ അധ്യാപകനായിരുന്ന എ എല്‍ വേലുപ്പിള്ളയുടെ മകനായി 1930 ഓഗസ്റ്റ് 15നാണ് പി കെ നാരായണപ്പണിക്കര്‍ ജനിച്ചത്.