പിണറായിയുടെ നിലപാട് നിഷേധിച്ച് സിപി‌എം ജില്ലാകമ്മിറ്റി; ‘ലുലു ഭൂമി കൈയേറിയിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കില്ല’

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (13:35 IST)
PRO
PRO
ലുലുമാള്‍ കൈയേറ്റവിഷയത്തില്‍ പിണറായിയുടെ നിലപാട് നിഷേധിച്ച് സിപി‌എം ജില്ലാകമ്മിറ്റി. ലുലു ഭൂമി കൈയേറിയെന്ന നിലപാടില്‍ മാറ്റമില്ല. ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന സര്‍വ്വെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ് മണി വ്യക്തമാക്കി. ഭൂമി കൈയേറിയിട്ടുണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍ ലുലുവിന് അനുകൂലമായ നിലപാടെടുത്തിട്ടില്ലെന്നും ദിനേശ് മണി പറഞ്ഞു.

ലുലു ഇടപ്പള്ളി തോട് കൈയേറിയിട്ടുണ്ട്. തോടിന്റെ പടിഞ്ഞാറു ഭാഗത്ത് സര്‍വ്വെ നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പശ്ചിമ കൊച്ചിക്കുള്ള കുടിവെള്ളം ചോര്‍ത്തുന്നത് ലുലുവാണ്. ബോള്‍ഗാട്ടി പദ്ധതിയോടുള്ള നിലപാടിലും മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലുലു ഷോപ്പിംഗ് മാളിന് സമീപത്ത് കൂടി ഒഴുകുന്ന ഇടപ്പള്ളി തോട് ലുലു കൈയേറിയെന്ന് സിപിഎം എറണാകുളം ജില്ല കമ്മറ്റി നേരത്തെയും ആരോപിച്ചിരുന്നു. 40 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ ലുലുവിന്റെ കയ്യേറ്റത്തെ തുടര്‍ന്ന് പലയിടത്തും 15 മീറ്ററായി ചുരുങ്ങിയെന്നായിരുന്നു ആരോപണം. ആരോപണം വിവാദമായതിന് പിന്നാലെ കെ എംആര്‍എല്ലിന്റെ പരാതിയും പുറത്തുവന്നിരുന്നു.

നിലപാട് വിവാദമായതോടെ യൂസഫലി ഭൂമി കൈയേറിയെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. നാടിന്റെ താല്‍പ്പര്യത്തിന് അനുകൂലമായ എല്ലാ നിക്ഷേപങ്ങളെയും പാര്‍ട്ടി അനുകൂലിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പിണറായിയുടെ അന്നത്തെ വിശദീകരണത്തിന് വിരുദ്ധമാണ് ദിനേശ് മണിയുടെ ഇന്നത്തെ പ്രസ്താവന.

അതിനിടെയാണ് ലുലു മാള്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് റീ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് റീസര്‍വ്വേ നടത്തിയത്. ലുലു മാളിന്റെ നിര്‍മ്മാണത്തിനായി ഇടപ്പള്ളി തോട് കൈയേറിയെന്നും കൊച്ചി മെട്രോയുടെ ലാന്റിങ്ങ് സെന്ററിനായുള്ള സ്ഥലത്ത് മതില്‍ കെട്ടിയെന്നുമുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എറണാകുളം ജില്ല കളക്ടര്‍ റീ സര്‍വ്വേയ്ക്ക് ഉത്തരവിട്ടത്.