പിണറായിക്ക് കത്തയച്ചയാള്‍ മരിച്ച നിലയില്‍

Webdunia
ശനി, 9 ഏപ്രില്‍ 2011 (09:18 IST)
PRO
PRO
സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയച്ച ആളുടെ മൃതദേഹം റെയില്‍‌വെ ട്രാക്കില്‍ കണ്ടെത്തി. ലോക്കല്‍ സെക്രട്ടറിക്ക് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇയാള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പിണറായിക്ക് കത്തയച്ച ചിങ്ങവനം പോളച്ചിറ കൊച്ചുപറമ്പില്‍ സുനില്‍രാജാണ് (35) മരിച്ചത്. സി ഐ ടി യു പ്രവര്‍ത്തകനായ ഇയാള്‍ എല്‍ ഐ സി ജീവനക്കാരനാണ്.

വെള്ളിയാഴ്ചാണ് ഇയാളുടെ മൃതദേഹം ചിങ്ങവനത്തിനും പരുത്തും‌പാറയ്ക്കും ഇടയിലുള്ള റെയില്‍‌വെ ട്രാക്കില്‍ കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യചെയ്തതാണെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി തൊട്ടടുത്തുള്ള മരണവീട്ടിലേക്ക് പോകാനിറങ്ങിയ ഇയാള്‍ പിന്നെ വീട്ടില്‍ തിരിച്ചത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചിലില്‍ നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫിബ്രവരി 14-നാണ് സുനില്‍രാജ് പിണറായിക്ക് കത്തയച്ചത്. ഭാര്യയുമായുള്ള അടുപ്പത്തെക്കുറിച്ച് ലോക്കല്‍ സെക്രട്ടറിയോട് ചോദിക്കാന്‍ തനിക്ക് ഭയമാണെന്ന് ഇയാളുടെ കത്തില്‍ ഉണ്ടായിരുന്നു. അയാള്‍ തന്നെ അപായപ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണിതെന്നും കത്തിലുണ്ട്. കത്തയച്ചതിന് ശേഷം തിരുവല്ലയിലെ ഒരു പരിപാടിയില്‍ വച്ച് സുനില്‍രാജിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നില്‍ ഈ ലോക്കല്‍ സെക്രട്ടറി ആണെന്നും ആരോപണം ഉണ്ടായിരുന്നു.

ഒമ്പത് വര്‍ഷം മുമ്പായിരുന്നു സുനിലിന്റെ വിവാഹം. ഭാര്യയുടെ അവിഹിതബന്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു. അതേസമയം സുനില്‍രാജിന്റെ കത്ത് ലഭിച്ചിട്ടും സി പി എം ഇക്കാര്യത്തില്‍ മേല്‍ നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സുനില്‍രാജിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.