പിഎസ്‌സി റാങ്ക് ലിസ്റ്റ്: കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 23 ജൂണ്‍ 2010 (12:51 IST)
റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി എസ് സിയോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2011 മെയ് വരെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടാന്‍ പി എസ് സിയോടെ ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗ തീരുമാനം.

സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില 20 രൂ‍പയില്‍ നിന്ന് 23 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കൃഷിക്കാര്‍ക്ക് ചെലവ് വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ പരിഹാരം കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ നിയമാനുസൃതമുള്ള ഏറ്റെറ്റുക്കല്‍ പ്രക്രിയയുടെ ഭാഗമായ മഹസര്‍ തയ്യാറാക്കി തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. മേല്‍ നടപടിക്കായി ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനമായി.

സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായിരുന്ന എ കെ ജിയുടെ കണ്ണൂര്‍ പെരളശ്ശേരിയിലുള്ള വീട് സംരക്ഷിക്കപ്പെടേണ്ടതാണെന്നും. അതിനാല്‍, ഇതു സംബന്ധിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പിനെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. മദനി വിഷയത്തില്‍ മദനിയുടെ വിഷമതകളും മുന്‍ അറസ്റ്റ് ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള നിവേദനം പൂന്തുറ സിറാജ് തന്നിരുന്നെന്നും അത് പരിശോധിക്കട്ടെ എന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.