പണം വാങ്ങിയിട്ടില്ല എന്ന് നാരായണ കുറുപ്പ്

Webdunia
ഞായര്‍, 30 ജനുവരി 2011 (18:54 IST)
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിധിക്കാന്‍ റൌഫിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്ന് ജസ്റ്റിസ് കെ നാരായണ കുറുപ്പ്. ജസ്റ്റിസ് നാരായണക്കുറുപ്പും ജസ്റ്റിസ് കെ തങ്കപ്പനും കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂല വിധി നടപ്പിലാക്കാന്‍ 40 ലക്ഷം രൂപയോളം കോഴ വാങ്ങി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത കൂടി കണക്കാക്കണം. ഇതെ കുറിച്ച് മാധ്യമങ്ങളാണ് അന്വേഷണം നടത്തേണ്ടത്. എന്നാല്‍, ഇക്കാര്യം ചാനലിനോട് വെളിപ്പെടുത്തിയ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ സി പീറ്ററിന് തന്നോട് മുന്‍‌വൈരാഗ്യമുണ്ടോ എന്ന ചോദ്യത്തിന് ജസ്റ്റിസ് മറുപടി നല്‍കിയില്ല.

എന്നാല്‍, താന്‍ ഇപ്പോള്‍ ആരോപണ വിധേയനായിരിക്കുന്നതിനു കാരണം ഗുരു സമാനനായ ഒരു സീനിയറിന്റെ വാക്ക് പരിഗണിക്കാതിരുന്നതാണ് എന്നും നാരായണ കുറുപ്പ് പറഞ്ഞു. പലരും ജഡ്ജിമാരെ കാണാന്‍ വന്നേക്കാം. ഇവര്‍ കക്ഷികളുടെ കയ്യില്‍ നിന്നും കാശ് വാങ്ങിയിട്ടാവും കാണാന്‍ വരിക. അതിനാല്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കരുത് എന്നായിരുന്നു ഉപദേശം. അത് റൌഫിന്റെ കാര്യത്തില്‍ താന്‍ പാലിച്ചില്ല എന്നും ജസ്റ്റിസ് പറഞ്ഞു.

റൌഫും പീറ്ററും പണവുമായി നാരായണ കുറിപ്പിന്റെ വീട്ടില്‍ ചെന്നു എന്നും ആസമയം നാരായണ കുറുപ്പ് വീടിന്റെ മുകളിലെ നിലയിലായിരുന്നു എന്നും താഴേക്ക് ഇറങ്ങി വന്നില്ല എന്നുമാണ് കെസി പീറ്ററുടെ വെളിപ്പെടുത്തലില്‍ പറയുന്നത്. നാരായണ കുറുപ്പിന്റെ കൈയിലല്ല പണം നല്‍കിയത് എന്നും അദ്ദേഹത്തിന്റെ മരുമകന്‍ താഴേക്ക് ഇറങ്ങി വന്ന് പണം വാങ്ങുകയായിരുന്നു എന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്.

അതേസമയം, കെ എം മാണിയുടെ അടുത്ത അനുയായിയായ കെ സി പീറ്റര്‍ വിതുര പെണ്‍‌വാണിഭ കേസിലെ പ്രതിയാണെന്ന കാര്യവും പുറത്തു വന്നിട്ടുണ്ട്.