അടുത്തകാലത്തുണ്ടായ ചില വിവാദവിഷയങ്ങളിലെ തന്റെ നിലപാടുകളില്‍ അണുവിട വെള്ളംചേര്‍ക്കാതെ ഉറച്ചുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസിജോര്‍ജ്. പിസി ജോര്‍ജ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍വച്ച് തന്നെ മെരുക്കിയെന്നും താന്‍ വഴങ്ങിയെന്നും സര്‍ക്കാരുമായി ധാരണയുണ്ടാക്കിയെന്നും പ്രചരിപ്പിക്കുന്നത് സ്വാര്‍ത്ഥ താല്‍പര്യക്കാരാണ്. അവര്‍ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. നാലാംതീയതി നടന്ന ചര്‍ച്ചയില്‍ സോളാര്‍വിഷയം സംസാരിച്ചിട്ടില്ല. യുഡിഎഫിന്റെ ഭാഗമായ താന്‍ സര്‍ക്കാരിന്റെ അടിത്തറ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചയാണ് നടത്തിയത്. തന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പിസി ജോര്‍ജ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.
ചില പ്രധാനസംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ തനിക്കുപറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വകാര്യമായി അയച്ച കത്തിന്റെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് തന്റെ ശീലമല്ല. സോണിയാഗാന്ധിക്ക് അയച്ച കത്ത് ചേര്‍ന്നതില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ല. വിലകെട്ട ചോര്‍ച്ചയുടെ ഉത്തരവാദിത്വം കത്ത് ചോര്‍ത്തിയവര്‍ക്കാണെന്നും തനിക്കല്ലെന്നും ജോര്‍ജ് വ്യക്തമാക്കി.