നികുതി അടയ്ക്കാന്‍ എം‌എല്‍‌എമാര്‍ക്ക് നഗരസഭ നോട്ടീസ്

Webdunia
ഞായര്‍, 12 ഫെബ്രുവരി 2012 (14:07 IST)
തൊഴില്‍ നികുതി അടയ്ക്കണമെന്ന് കാട്ടി എം‌എല്‍‌എമാര്‍ക്ക് തിരുവനന്തപുരം നഗരസഭ നോട്ടീസ് നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ എം‌എല്‍‌എമാരും 2008 മുതലുള്ള നികുതി ഒരു ശതമാനം പിഴ ഉള്‍പ്പെടെ അടയ്ക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. എം‌എല്‍‌എമാര്‍ ചെയ്യുന്നത് തൊഴിലല്ലെന്നും പൊതു സേവനമാണെന്നും അലവന്‍സ് ആണ് അവര്‍ക്ക് ലഭിക്കുന്നതെന്നും അറിയിച്ചെങ്കിലും സാമാജികര്‍ ശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ അതിന് തൊഴില്‍ നികുതി അടയ്ക്കേണ്ടതുണ്ടെന്നും നഗരസഭ സെക്രട്ടറി നോട്ടീസില്‍ അറിയിക്കുകയായിരുന്നു.

2008 മുതല്‍ക്കാണ് എം‌എല്‍‌എമാരുടെ ശമ്പളവും ആനുകൂല്യവും വര്‍ദ്ധിപ്പിച്ചത്. അതിനാലാണ് അതിനു മുമ്പുള്ള നികുതി ആവശ്യപ്പെടാത്തതെന്നും നോട്ടീസില്‍ പറയുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളും തൊഴില്‍ നികുതി അടയ്ക്കണമെന്ന് പൊതുഭരണ സെക്രട്ടറി വഴി നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നികുതി ആവശ്യപ്പെട്ടുള്ള നോട്ടീ‍സ് നഗരസഭ സെക്രട്ടറി പുറത്തിറക്കിയത്.