മതകലഹങ്ങളുടെയും ജാതിസ്പര്‍ദ്ധകളുടെയും വാര്‍ത്തകള്‍ നിറയുന്ന ഈ കാലഘട്ടത്തിന് ആശ്വാസമായി ഉദുമയില്‍ നിന്നൊരു മതമൈത്രിയുടെ കഥ. നബിദിനം ആഘോഷിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് ആശംസകളുമായി ക്ഷേത്രം കമ്മിറ്റി വക ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുകയാണ് ഉദുമയില്‍. മതമൈത്രിയുടെ ഈ പുതിയ ഗാഥ രചിച്ചിരിക്കുന്നത് അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്ര ഭാരവാഹികളാണ്.
മൂന്നാഴ്ച മുമ്പ് പൂബാണംകുഴി ക്ഷേത്രത്തില്‍ നടന്ന പെരുങ്കളിയാട്ടത്തിന് ആശംസകള്‍ അര്‍പ്പിച്ച് നാടുനീളെ മഹല്ല് കമ്മിറ്റികള്‍ ബോര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. ഈ പ്രദേശത്തെ നിരവധി മുസ്ലിം സഹോദരങ്ങള്‍ ഉത്സവവേദിയില്‍ നിറഞ്ഞു നിന്നിരുന്നു. സ്വീകരണ കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നത് പൗരപ്രമുഖന്‍ പടന്ന അബ്ബാസ് ഹാജിയായിരുന്നു.
‘പ്രവാചക തിരുമേനിയുടെ ജന്മദിനം നാടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ഉതകുമാറാകട്ടെ’ എന്നാണ് ഫ്ലക്സ് ബോര്‍ഡുകളില്‍ എഴുതിവച്ചിരിക്കുന്നത്. മതവിഭാഗങ്ങള്‍ തമ്മിലുള്ള ഇത്തരം കൂട്ടായ്മ മാതൃകയാണെന്ന് ബോധ്യപ്പെടുത്താനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.