നട്ടുച്ചയ്ക്ക് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല കവര്‍ന്നു

Webdunia
ശനി, 29 ജൂണ്‍ 2013 (14:41 IST)
PRO
ഗേറ്റ് പൂട്ടിയിട്ടിരുന്ന പുരയിടത്തില്‍ മതില്‍ ചാടിക്കടന്ന് വീട്ടമ്മയുടെ മുഖത്ത് മുളകു പൊടി വിതറി 6 പവന്‍റെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്തുവെന്ന് പരാതി. മംഗലപുരം പുതുവല്‍വിള വീട്ടില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ ശശിധരന്‍റെ ഭാര്യ രേണുകയുടെ 6 പവന്‍ മാലയാണു കള്ളന്‍ പിടിച്ചു പറിച്ച് മുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം നടന്നത്.

സംഭവ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന രേണുകയുടേ വീട്ടു കോമ്പൌണ്ടില്‍ മതില്‍ ചാടികടന്ന കള്ളന്‍ പുറത്ത് ഏണിപ്പണിക്കു താഴെയായി ഒളിച്ചിരിക്കുകയായിരുന്നു രേണുക പുറത്തിറങ്ങിയ സമയത്ത് അവരുടെ മാല പിടിച്ചുപറിക്കാന്‍ കള്ളന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി വീട്ടിനകത്തെത്തി.

പുറകേയെത്തിയ കള്ളന്‍ അവരുടെ മുഖത്ത് മുളകുപൊടി വിതറി മാല കട്ടര്‍ ഉപയോഗിച്ച് അറുത്തെടുത്ത് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവ സമയം പുറത്തുപോയിരുന്ന ശശിധരന്‍ വീട്ടില്‍ മടങ്ങിയെത്തി മംഗലപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.