ദേവസ്വം ബോര്‍ഡ് ശമ്പളം പരിഷ്‌കരിച്ചു

Webdunia
ശനി, 28 ഫെബ്രുവരി 2009 (16:35 IST)
PROPRO
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു. മാര്‍ച്ച് മാസം മുതല്‍ ഇത് നിലവില്‍ വരുമെന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണം കണ്ണൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സ്‌കെയിലില്‍ ഏറ്റവും കുറഞ്ഞ വേതനം 3,150 രൂപയായിരിക്കും.

മലബാറിലെ 1,400 ക്ഷേത്രങ്ങളിലെ 5,404 ജീവനക്കാരുടെ ശമ്പളമാണ് പരിഷ്‌കരിച്ചത്. പരിഷ്‌കരണത്തോടെ ശാന്തിക്കും മേല്‍ശാന്തിക്കും ക്ഷേത്രങ്ങളിലെ മാനേജരുടെയും സൂപ്പര്‍ വൈസറുടെയും നിരക്കില്‍ ശമ്പളം ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ജീവനക്കാര്‍ക്ക്‌ പ്രഖ്യാപിക്കുന്ന നിരക്കില്‍ ക്ഷാമബത്തയും ശമ്പളത്തോടൊപ്പം അനുവദിക്കും. പുതിയ ശമ്പള സ്‌കെയിലിലേക്ക്‌ ശമ്പളം നിജപ്പെടുത്തുമ്പോള്‍ സ്‌കെയിലിന്‍റെ മിനിമത്തേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരുണ്ടങ്കില്‍ അവരുടെ ശമ്പളനിര്‍ണയം നടത്തുമെന്നും മന്ത്രി പറഞ്ഞു.