തോമസിനെ ഇറക്കിവിട്ടതില്‍ ദുഖം - സ്പീ‍ക്കര്‍

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (16:37 IST)
FILEFILE
പി.സി.തോമസിനെ ലോക്സഭയില്‍ നിന്നും ഇറക്കിവിട്ടതില്‍ ദുഖമുണ്ടെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സഭയില്‍ നിന്നും പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്പീക്കര്‍. പാര്‍ലമെന്‍റ് അംഗങ്ങളുടെ പെരുമാറ്റ രീതിയെക്കുറിച്ച് അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് സ്പീക്കര്‍ രാവിലെ സഭയില്‍ പസ്താവന നടത്തിയിരുന്നു.
സഭയുടെ അന്തസിന് നിരക്കാത്താ രീതിയിലാണ് മിക്ക അംഗങ്ങളും പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആണവ കരാര്‍ സംബന്ധിച്ച് പധാനമന്ത്രി പ്രസ്താവന നടത്തിയപ്പോള്‍ അതിനെ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു സ്പീ‍ക്കറുടെ പ്രസ്താവന. ഈ പ്രസ്താവനയ്ക്ക് ശേഷമാണ് പി.സി. തോമസ് ലോക്സഭയില്‍ ബഹളം ഉണ്ടാക്കിയത്.

പി.സി.തോമസിന്‍റെ പെരുമാറ്റം വേദനാജനകമായിയെന്ന് സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. പി.സി.തോമസിനെ ഇറക്കിവിട്ട നടപടിയില്‍ ഒട്ടുംതന്നെ ഖേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുറത്താക്കിയ സ്പീക്കറുടെ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് പി.സി തോമസ് എം.പി പറഞ്ഞു.

സേലം ഡിവിഷന്‍ പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ കേന്ദ്രം അവഗണിക്കുന്നതില്‍ കേന്ദ്ര റയില്‍‌വേ മന്ത്രി ലാലുപ്രസാദ് യാദവിനോടും കേന്ദ്രസര്‍ക്കാരിനോടും ശക്തമായി പ്രതിഷേധിക്കുന്നതിന് വേണ്ടിയാണ് സഭയില്‍ ഇത്തരമൊരു നിലപാട് എടുത്തത്.

കേരളത്തെ വെറും നാലാംകിട സംസ്ഥാനമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ സേലം ഡിവിഷന്‍ രൂപീകരിക്കൂവെന്ന് റയില്‍‌വേ മന്ത്രി ലാലുപ്രസാദ് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് അദ്ദേഹം പാലിച്ചില്ല.

എന്‍.എന്‍ കൃഷ്ണദാസ് ലോക്സഭയില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടി നല്‍കാന്‍പോലും ലാലു തയാറായില്ല. അങ്ങനെയുള്ള ഒരു സഭയില്‍ ഇരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പി.സി. തോമസ് വ്യക്തമാക്കി.