തേക്കടി ദുരന്തം: അഞ്ച് പേര്‍ക്ക് ജാമ്യം

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (12:14 IST)
PRO
PRO
തേക്കടി ബോട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ബോട്ട് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജലഗതാഗതത്തില്‍ നടപ്പാക്കേണ്ട ഭേദഗതികള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു.

ഒന്നാം പ്രതി ബോട്ട്‌ ഡ്രൈവര്‍ വിക്‌ടര്‍ സാമുവല്‍, രണ്ടാം പ്രതി ബോട്ടിലെ ലാസ്കര്‍ അനീഷ്‌, നാലാം പ്രതി ഫോറസ്റ്റ്‌ ഗേറ്റ്‌ വാച്ചര്‍ വി പ്രകാശ്‌, അഞ്ചാം പ്രതി ബോട്ട്‌ നിര്‍മ്മിച്ച ചെന്നൈയിലെ വിഘ്‌നേഷ്‌ മറൈന്‍ ടെക്‌നിക്കല്‍ സര്‍വീസസ്‌ ഉടമ എന്‍ എ ഗിരി, ആറാം പ്രതി ബോട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തിയ ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ്‌ ഷിപ്പിംഗ്‌ പ്രിന്‍സിപ്പല്‍ സര്‍വേയര്‍ കെ കെ സഞ്ജീവ്‌ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മൂന്നാം പ്രതി ചീഫ്‌ ബോട്ട്‌ ഇന്‍സ്‌പെക്‌ടര്‍ എം മാത്യൂസിന്‍റെ ജാമ്യാപേക്ഷ കോടതി പിന്നീട്‌ പരിഗണിക്കും. ദുരന്തത്തില്‍ പ്രതികള്‍ക്കെല്ലാം പങ്കാളിത്തമുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഓരോരുത്തരുടെയും പങ്ക്‌ നിര്‍ണയിക്കാനാകൂവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

മുന്‍ ബോട്ട്‌ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷനുകളുടെ ശുപാര്‍ശകള്‍ നടപ്പാക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജൂഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ്‌ നടപ്പാക്കാതിരിക്കുന്നതെന്ന്‌ കോടതി ചോദിച്ചു. സുരക്ഷിതമായ ബോട്ടിങ്ങിന്‌ കഴിഞ്ഞ നാലുമാസത്തിനിടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ചീഫ്‌ സെക്രട്ടറിയ്ക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കി. പത്തു ദിവസത്തിനകം ചീഫ്‌ സെക്രട്ടറി റിപ്പോര്‍ട്ട്‌ നല്‍കണം.