തെറ്റയില്‍ വിഷയത്തില്‍ കളങ്കമുണ്ട്, രാജിവയ്ക്കേണ്ടെന്ന് പറഞ്ഞിട്ടില്ല: പന്ന്യന്‍

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (17:14 IST)
PRO
ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഈ വിഷയത്തില്‍ ധാര്‍മ്മികതയ്ക്ക് കളങ്കമുണ്ടായതായും പന്ന്യന്‍ പറഞ്ഞു.

തെറ്റയിലിന്‍റെ രാജിക്കാര്യം എല്‍ ഡി എഫ് ചര്‍ച്ച ചെയ്തിട്ടില്ല. അത് ജനതാദളിന്‍റെ ആഭ്യന്തര കാര്യമാണ്. രാജി വയ്ക്കേണ്ടെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടില്ല. പൊതുപ്രവര്‍ത്തകരെല്ലാം ധാര്‍മ്മികത പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇവിടെ ധാര്‍മ്മികതയ്ക്ക് കളങ്കമുണ്ടായി - പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

ജോസ് തെറ്റയില്‍ രാജിവയ്ക്കേണ്ടേന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞിരുന്നു‍. മുന്നണിയില്‍ ചിലര്‍ അഭിപ്രായം പറഞ്ഞുവെങ്കിലും ഒടുവില്‍ തീരുമാനം ജനതാദളിന് വിടുകയായിരുന്നു. ഘടകകക്ഷികള്‍ക്ക് മുന്നണിയില്‍ അഭിപ്രായം പറയാനും ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജോസ് തെറ്റയില്‍ രണ്ടോ മൂന്ന് ദിവസത്തിനുള്ളില്‍ രാജിവയ്ക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും വി എസ് വ്യക്തമാക്കിയിരുന്നു. തെറ്റയില്‍ ശരിയായ നിലപാട് എടുക്കുമെന്നാണ് കരുതുന്നത്. മൂന്നു ദിവസത്തിനപ്പുറം തീരുമാനം നീണ്ടു പോകില്ലെന്നും വി എസ് പറഞ്ഞു.