തൃശൂര്‍ ഡിവൈ‌എസ്പിയെ 200 തവണവിളിച്ച് അസഭ്യം പറഞ്ഞയാള്‍ ചെന്നൈയില്‍ അറസ്റ്റില്‍

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (12:12 IST)
PRO
വനിതാ ഡിവൈഎസ്പിയ്ക്ക് നേരെ ഇരുന്നൂറോളം തവണ ഫോണിലൂടെ അസഭ്യം പറഞ്ഞ കേസില്‍ തൃശ്ശൂര്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി.

പൂങ്കുന്നം ശിവക്ഷേത്രത്തിനുസമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജ്കുമാര്‍ (40) ആണ് അറസ്റ്റിലായത്. രണ്ട്മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാജ്കുമാര്‍ പൂങ്കുന്നം സ്വദേശിയായ ഭാര്യയെ നിരന്തരം പീഡിപ്പിക്കുന്നതായുള്ള പരാതിയില്‍ തൃശ്ശൂര്‍ വനിതാ ഡിവൈഎസ്പി ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ചോദ്യം ചെയ്തുവിട്ടയച്ചശേഷം രാജ്കുമാര്‍ ഡിവൈഎസ്പിയുടെ ഫോണിലേക്കുവിളിച്ച് അസഭ്യവര്‍ഷം നടത്തുകയായിരുന്നു. അസഭ്യം പറയാനായി പ്രതി ഇരുന്നൂറോളം തവണ ഡിവൈഎസ്പിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് പറഞ്ഞു.

രാജ്കുമാറിനെ പിടികൂടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കുനേരെയും ഇയാള്‍ ഫോണ്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തി. പിന്നീട് പിടിയിലാകുമെന്നൂറപ്പായതോടെ തൃശ്ശൂര്‍ വിടുകയായിരുന്നു

രാജ്യം വിട്ടുപോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്നാണ് വിമാനത്താവളങ്ങളിലേക്ക് ലൂക്ക്-ഔട്ട് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ഷാര്‍ജയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.