തിലകന്‌ ദേഹാസ്വാസ്‌ഥ്യം; ആശുപത്രിയില്‍

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (12:45 IST)
PRO
PRO
പ്രശസ്ത സിനിമാ നടന്‍ തിലകനെ ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന നാടകം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ വച്ച് തിങ്കളാഴ്ച രാത്രിയാണ് തിലകന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ചിറയിന്‍കീഴ്‌ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ചരിത്ര പ്രസിദ്ധമായ ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു തിലകന്റെ നാടകം. തിലകന്റെ തന്നെ നാടകസമിതി അവതരിപ്പിക്കുന്ന ‘ഇതോ, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേരിലുള്ള നാടകമാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തിലകന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ തിലകനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് സംഭവം. നാടകം തുടങ്ങുന്നതിന് മുമ്പാണ് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായത്.

തിലകന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നാടകം റദ്ദാക്കി. തിലകന് ഉണ്ടായത് താഴ്ന്ന രക്തസമര്‍ദ്ദത്തെ തുടര്‍ന്ന് ഉണ്ടായ തലകറക്കം ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ‘ഇതോ, ദൈവത്തിന്റെ സ്വന്തം നാട്’ ചൊവ്വാഴ്ച രാത്രി അവതരിപ്പിക്കുമെന്നും തിലകന്‍ ഇതില്‍ അഭിനയിക്കും എന്നുമാണ് അറിയുന്നത്.

ചിറയിന്‍കീഴ് പൗരാവലിയുടെ ഈ വര്‍ഷത്തെ പ്രേംനസീര്‍ പുരസ്‌കാരം തിലകന് തന്നെയായിരുന്നു ലഭിച്ചത്. ജനവരി 31-ന് ശാര്‍ക്കര മൈതാനിയില്‍ സംഘടിപ്പിച്ച പ്രേംനസീര്‍ സ്മൃതിസായാഹ്നത്തില്‍ തിലകന്‍ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. താര സംഘടനയായ അമ്മയുടെ അപ്രഖ്യാപിത വിലക്ക് ഉള്ളതിനാല്‍ ഏറെ നാളുകളായി തിലകന്‍ നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു. 1955-ല്‍ കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സിലൂടെയാണ് തിലകന്‍ അരങ്ങിലെത്തുന്നത്. പിന്നീട് കെപിഎസിയുടെ നാടകങ്ങളിലും വേഷമിട്ടു.