തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരപീഡനം

Webdunia
ശനി, 25 ഫെബ്രുവരി 2012 (15:30 IST)
PRO
PRO
തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂരപീഡനം. ഒരു കൂട്ടം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഈ കുട്ടിയുടെ കൈയില്‍ ചാപ്പകുത്തുകയായിരുന്നു. മുനയുള്ള ആയുധം ഉപയോഗിച്ച് ‘ജെ’ എന്നാണ് ചാപ്പകുത്തിയത്.

കഴിഞ്ഞ 16-നാണ് സംഭവം നടന്നത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. എന്നാല്‍ സ്കൂളിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. അതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അവര്‍ പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചു എന്ന് അധ്യാപകനോട് പരാതി പറഞ്ഞതിനാണ് കുട്ടിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നത് എന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്കൂള്‍ വരാന്തയില്‍ വച്ചാണ് ഇത് ചെയ്തത്. കുട്ടിയെ ഈ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. മാനസികമായി തളര്‍ന്ന നിലയിലാവുകയും ചെയ്തു. പരാതി കേട്ട അധ്യാപകനും കുട്ടിയുടെ സംരക്ഷണയ്ക്ക് എത്തിയില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

അതേസമയം പരാതി പരിശോധിച്ചുവരികയാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ പേരുകള്‍ പറയാന്‍ കുട്ടി തയ്യാറായിട്ടില്ലെന്നും രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.