തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് കായലില്‍ വീണു

Webdunia
വ്യാഴം, 23 ജനുവരി 2014 (11:01 IST)
PRO
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കായലിലേക്ക് വീണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്. കാക്കനാട് മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ ആരതിക്കാണ് (17) പരുക്കേറ്റത്.

മംഗലാപുരം ഏറനാട് എക്സ്പ്രസ് ട്രെയിനില്‍ എറണാകുളത്തേക്ക് വരുമ്പോള്‍ കുമ്പളം പാലത്തില്‍ വച്ചായിരുന്നു അപകടം. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ പെണ്‍കുട്ടി കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരാണ് തോളില്‍ ബാഗിട്ട പെണ്‍കുട്ടിയെ കായലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്തിച്ച ശേഷം സമീപമുണ്ടായിരുന്ന മീന്‍പിടുത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബാഗിലെ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് കുട്ടിയുടെ വിലാസം ലഭിച്ചത്.