ജോര്‍ജ് തുറന്നടിക്കുന്നു; “ സോളാര്‍ ഉള്‍പ്പെടെ എല്ലാറ്റിനും കാരണക്കാരന്‍ തിരുവഞ്ചൂര്‍”

Webdunia
ശനി, 5 ഒക്‌ടോബര്‍ 2013 (18:16 IST)
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ചീഫ് വിപ്പ് പിസി ജോര്‍ജ് വീണ്ടും. സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ജോര്‍ജ് തുറന്നടിച്ചു. തൊടുപുഴയില്‍ തനിക്ക് നേരെ നടന്ന കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്വട്ടേഷന്‍ സംഘമാണ്.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് തിരുവഞ്ചൂരിന്റെ പോക്രിത്തരമാണെന്നും ജോര്‍ജ് പറഞ്ഞു. റിലയന്‍സിന് ഡേറ്റാ സെന്റര്‍ കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ടിജി നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

2012 ജൂണ്‍ 23ന് കോട്ടയം ടിബിയിലായിരുന്നു ചര്‍ച്ച നടന്നത്. ഇതിന്റെ അടുത്ത ദിവസം നന്ദകുമാര്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വീട്ടില്‍ ചെന്ന് കൂടിക്കാഴ്ച്ച നടത്തി. രാവിലെ 6.15 നായിരുന്നു നന്ദകുമാര്‍ വിഎസിനെ സന്ദര്‍ശിച്ചതെന്നും ജോര്‍ജ് വെളിപ്പെടുത്തി. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എകെ ആന്റണി കേരളത്തിലേക്ക് മടങ്ങി വരണം. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒരേപോലെ സമ്മതനാണ് ആന്റണിയെന്നും ജോര്‍ജ് പറഞ്ഞു.