ബെംഗളൂരു: നഗ്നചിത്രങ്ങളും സ്വകാര്യ വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി കാമുകിയോട് സുഹൃത്തിന് വേണ്ടി വഴങ്ങാൻ ആവശ്യപ്പെടുന്ന സംഘം പിടിയിൽ. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. ഹരീഷിന്റെ പങ്കാളിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
പ്രൈവറ്റ് പാർട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനം. 'സ്വിങ്ങേർസ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. ശേഷം ഹേമന്ദുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ ഇയാൾ സ്ഥിരമായി നിർബന്ധിക്കുമായിരുന്നു.
എന്നാൽ, യുവതി വഴങ്ങിയില്ല. ഇതോടെ ഈ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന് മുൻപിൽ എത്തിക്കുമെന്നായിരുന്നു നിബന്ധന. ഹേമന്ദിന് പുറമെ, ഹരീഷ് തന്റെ കാമുകിയെ മറ്റ് പലർക്കും കൈമാറാൻ ശ്രമിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇത്തരത്തിലിരുവരും ചേർന്ന് മുൻപും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇരുവരും ചേർന്ന് നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പാർട്ടികൾ സംഘടിപ്പിച്ച്, അതിലൂടെയാണ് ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.