100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു
തിരുപ്പൂര്‍: നവവധുവിനെ കാറിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും അറസ്റ്റില്‍. അവിനാശി കൈകാട്ടിപുത്തൂര്‍ സ്വദേശികളായ ഇ കവിന്‍കുമാര്‍(27), അച്ഛന്‍ ഈശ്വരമൂര്‍ത്തി(51), അമ്മ ചിത്രാദേവി(47) എന്നിവരെ സേവൂര്‍ പോലീസ് അരര്‍സ്റ്റ് ചെയ്തു.
ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂന്ന് പേര്‍ക്കെതിരെയും ചുമത്തിയിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് തിരുപ്പൂരിനടുത്ത് ചെട്ടിപുത്തൂരില്‍ കാറിനുള്ളില്‍ കവിന്‍ കുമാറിന്റെ ഭാര്യ റിതന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 78മത്തെ ദിവസമാണ് മരണം.ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റിതന്യ മാതാപിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. മരണകാരണം ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസിക പീഡനമാണെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹസമയത്ത് 100 പവന്‍ ആഭരണങ്ങളും വിലകൂടിയ ആഡംബര കാറും സ്ത്രീധനമായി കൊടുത്തിരുന്നതായി റിതന്യയുടെ ബന്ധുക്കള്‍ പറയുന്നു.
വാഗ്ദാനം ചെയ്ത സ്വർണം മുഴുവനായി കൊടുക്കാത്തതിൻ്റെ പേരിൽ നിരന്തരമായ പീഡനമാണ് റിതന്യ നേരിടേണ്ടി വന്നതെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾ റിതന്യ മാതാപിതാക്കൾക്ക് അയച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ റിതന്യയുടെ മാതാപിതാക്കളുടെയും കവിൻ, കവിൻ്റെ അച്ഛൻ, അമ്മ എന്നിവരുടെയും മൊഴികൾ രേഖപ്പെടുത്തി.