ജോപ്പനല്ല, കുടുങ്ങാന്‍ വലിയ താപ്പാനകള്‍ ഇനിയുമുണ്ട്: മുരളീധരന്‍

Webdunia
ശനി, 29 ജൂണ്‍ 2013 (19:32 IST)
PRO
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പനെക്കാള്‍ വലിയ താപ്പാനകള്‍ ഇപ്പോഴും പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിലുണ്ടെന്ന് കെ മുരളീധരന്‍ എം എല്‍ എ. മന്ത്രിമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ പലതും ഇവര്‍ പൂഴ്ത്തി വയ്ക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

എസ്എസ്എല്‍സി വരെയെങ്കിലും പഠിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണെങ്കിലും ആകാന്‍ കഴിയൂ. ക്ലര്‍ക്കാവണമെങ്കില്‍ എസ്എസ്എല്‍സി പാസാവുകയും വേണം. അങ്ങനെയൊരു സാഹചര്യം നിലവിലുള്ളപ്പോള്‍ നാലാം ക്ലാസും ഡ്രില്ലും മാത്രമുള്ള ചിലര്‍ വലിയ ശമ്പളത്തില്‍ മന്ത്രിമാരുടെ ഓഫീസ് അടക്കി വാഴുകയാണ് - മുരളീധരന്‍ പറഞ്ഞു.

എംഎല്‍എമാര്‍ നല്‍കുന്ന നിവേദനങ്ങളില്‍ മന്ത്രിമാര്‍ ഒപ്പിട്ടാലും അതില്‍ പലതും വെളിച്ചം കാണാറില്ല. പേഴ്സണല്‍ സ്റ്റാഫാണ് ഇതിന്‍റെയൊക്കെ പിന്നില്‍. ടെനി ജോപ്പനേക്കാള്‍ വലിയ സ്രാവുകളാണ് ഇപ്പോഴും പല മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിലുള്ളത് - മുരളി വ്യക്തമാക്കി.

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.