ജഗതിയെ ഉമ്മന്‍‌ചാണ്ടി സന്ദര്‍ശിച്ചു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2012 (11:55 IST)
PRO
PRO
വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ജഗതിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണന്ന്‌ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി ജഗതിയെ ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകും. കഴിഞ്ഞ ആഴ്ച വെല്ലൂരിലേക്ക്‌ മാറ്റാന്‍ തയാറെടുത്തിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ ജഗതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന്‌ ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സ്‌ എത്തിച്ചാകും ജഗതിയെ വെല്ലൂരിലേക്ക്‌ കൊണ്ടുപോകുക. ഫിസിയോതെറാപ്പിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ അദ്ദേഹത്തെ വെല്ലൂരിലേക്ക്‌ മാറ്റുന്നത്‌.